പ്രാചീന കാലത്ത് മഹത്തായ ദ്രാവിഡ സംസ്കാരമാണ് ഈ പ്രദേശത്ത് നിലനിന്നിരുന്നത്. സാമൂതിരി പിടിച്ചെടുത്ത പാലക്കാട് താലൂക്കിലെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട നടുവട്ടം പരിധിയില്‍ കിടക്കുന്ന പ്രദേശമായിരുന്നു ഈ ഗ്രാമം. ഈ ദേശത്ത് പന ധാരാളമായി ഉണ്ടായിരുന്നു. ഇതില്‍നിന്നും ദ്രാവിഡര്‍ ശര്‍ക്കര, കള്ള് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിര്‍മിച്ചിരുന്നു. അക്കാലത്ത് ദ്രാവിഡര്‍ ഊരിനും, ആറിനും, പാറയ്ക്കും തേന്‍ പുരട്ടിയ സ്ഥലനാമങ്ങള്‍ കൊടുത്തു. ഊരിന് കുറിച്ചി എന്നും പറയാം. അങ്ങനെ (തേന്‍) വൃക്ഷമായ കരിമ്പനയുടെ കുറിച്ചിയ്ക്ക് തേങ്കുറിശ്ശി എന്നു പേര്‍ വന്നു. ഇവിടെ നിന്നും ദേശീയ പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്കുവഹിച്ചത് ആര്‍.രാഘവമേനോന്‍ ആയിരുന്നു. 1946-ല്‍ മാനാംകുളമ്പില്‍ ജയപ്രകാശ് നാരായണന്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്ന ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ എന്ന പണ്ഡിതന്റെ സ്മരണയ്ക്കായി ഒരു ഗ്രന്ഥാലയം പ്രവര്‍ത്തനമാരംഭിച്ചു. ഇത് ഒരുപാട് സാമൂഹ്യ മാറ്റങ്ങള്‍ക്ക് വഴി വച്ചു. 1919-ല്‍ ആദ്യമായി തേങ്കുറിശ്ശിയിലും വിളയന്‍ചാത്തന്നൂരിലും ചിന്നന്‍ നായര്‍ എയ്ഡഡ് എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. വിളയന്നൂര്‍ അയ്യപ്പന്‍കോവില്‍, ദുര്‍ഗാക്ഷേത്രം, തേങ്കുറുശ്ശി ഇലമന്ദം ക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലെ പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളാണ്. 1919-ല്‍ വടക്കേത്തറയില്‍ ഒരു സ്കൂള്‍ ആരംഭിച്ചതോടെയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് പഞ്ചായത്തിന്റെ നാനാ ഭാഗങ്ങളില്‍ വിവിധ ജാതി മതസ്ഥര്‍ക്ക് വേണ്ടിയും അല്ലാതെയും നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. മഹത്തായ ദ്രാവിഡ സംസ്കാരത്തിന്റെ വിളഭൂമിയായ തേങ്കുറിശ്ശി പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. 8 ക്ഷേത്രങ്ങളും ഒരു മുസ്ളീം പള്ളിയും പഞ്ചായത്തില്‍ നിലകൊള്ളുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഐക്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്നവയാണ്. വിളയന്‍ ചാത്തനൂര്‍ കുമ്മാട്ടി, വിളയന്നൂര്‍ കുമ്മാട്ടി, മഞ്ഞളൂര്‍ കുമ്മാട്ടി, വിളയന്‍ചാത്തനൂര്‍ പള്ളിനേര്‍ച്ച എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം