ഭൂമിശാസ്ത്രം

ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് തേങ്കുറിശ്ശി. 29.1 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലാണ്. നെല്ല് കൂടാതെ തെങ്ങ്, കമുക്, കശുമാവ്, മരച്ചീനി, കുരുമുളക് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന പ്രധാന ജലസ്രോതസ്സുകള്‍ മലമ്പുഴ, ചിറ്റൂര്‍ എന്നീ ജലസേചനപദ്ധതികളാണ്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്കതായ 106 കുളങ്ങളും പഞ്ചായത്തിലുണ്ട്. കോട്ടമല ഇവിടുത്തെ ഒരു പ്രധാന കുന്ന് ആണ്. കാര്‍ഷിക മേഖലയില്‍ അധിഷ്ഠിതമായി ഈ പഞ്ചായത്തിലെ ജലസ്രോതസ്സുകളായ കുളങ്ങളും കനാലുകളും വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സഹായകമായിരിക്കും. 1964 ജനുവരി 1-ാം തീയതിയാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 29.1 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കണ്ണാടി ഗ്രാമപഞ്ചായത്ത്, തെക്ക് എരിമയൂര്‍ ഗ്രാമപഞ്ചായത്ത്, കിഴക്ക് കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് കുഴല്‍മന്ദം ഗ്രാമ പഞ്ചായത്ത് എന്നിവയാണ്. 17 വാര്‍ഡുകളുള്ള പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 26674 ആണ്. അതില്‍ 12926 പേര്‍ പുരുഷന്‍മാരും 13748 പേര്‍ സ്ത്രീകളുമാണ്. മൊത്തം ജനസംഖ്യയുടെ സാക്ഷരത നിരക്ക് 86.51% ശതമാനമാണ്. കണ്ടാത്ത് തറവാടും സൌപര്‍ണ്ണിക ഗാര്‍ഡനും പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പഞ്ചായത്തിലെ പൊതുവിതരണ രംഗത്ത് 10 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടിവെള്ളത്തിനായി കൂടുതലും കിണറുകളെ ആശ്രയിക്കുന്ന പഞ്ചായത്തില്‍ 96 പൊതുകിണറുകളും 155 പൊതു കുടിവെള്ള ടാപ്പുകളും ഉണ്ട്. പഞ്ചായത്തിലെ വഴികള്‍ രാത്രികാലങ്ങളിലും സഞ്ചാരയോഗ്യമാക്കുന്നതിനായി വിവിധ ഭാഗങ്ങളിലായി 684 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാവസായിക രംഗത്ത് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്താണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. വന്‍കിട, ചെറുകിട, പരമ്പരാഗത വിഭാഗങ്ങളിലായി നിരവധി വ്യവസായങ്ങള്‍ പഞ്ചായത്തിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളായ കളിമണ്‍പാത്ര നിര്‍മ്മാണം പഞ്ചായത്തിലെ ഒരു പ്രധാന കുടില്‍ വ്യവസായം കൂടിയാണ്. ഓട്ടുപാത്ര നിര്‍മ്മാണത്തിന്റെ ചെറുകിട വ്യവസായ യൂണിറ്റുകളും, കരകൌശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇടത്തരം വ്യവസായ യൂണിറ്റുകളും പഞ്ചായത്തിലുണ്ട്. കൂടാതെ കെ. ആര്‍. അലോയീസ് ഇരുമ്പുരുക്ക് കമ്പനി, പോളിമര്‍ കമ്പനി എന്നീ വന്‍കിട വ്യവസായ സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 1919-ല്‍ വടക്കേത്തറയില്‍ ഒരു സ്കൂള്‍ ആരംഭിച്ചതോടെയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് പഞ്ചായത്തിന്റെ നാനാ ഭാഗങ്ങളില്‍ വിവിധ ജാതി മതസ്ഥര്‍ക്ക് വേണ്ടിയും അല്ലാതെയും നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 2010 എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 3 സ്കൂളുകളും സ്വകാര്യ മേഖലയില്‍ 5 സ്കൂളുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി മാഹോളികുടത്ത് സ്ഥിതി ചെയ്യുന്നു. കാനറാ ബാങ്കിന്റെ ഒരു ശാഖയും, ജില്ലാ സഹകരണ ബാങ്കിന്റെയും വിളയന്‍-ചാത്തനൂര്‍ സഹകരണ ബാങ്കിന്റെയും ഓരോ ശാഖയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വിളയന്‍ ചാത്തനൂരില്‍ പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാളും സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഒരു കല്യാണ മണ്ഡപവും സ്ഥിതി ചെയ്യുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓഫീസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും പഞ്ചായത്തിലുണ്ട്. തേങ്കുറിശ്ശി, മഞ്ഞളൂര്‍ എന്നിവിടങ്ങളിലായി രണ്ട് വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസും, കയറംകുളത്ത് ഒരു പോസ്റ്റ് ഓഫീസും, ബി. എസ്. എന്‍. എല്‍ ഓഫീസും വിളയനൂരില്‍ ഒരു സബ് പോസ്റ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നു. കൂടാതെ തേങ്കുറിശ്ശിയിലും, തില്ലംകാട്ടും, പെരുംകുളത്തുമായി മൂന്ന് സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും ഉണ്ട്. മണ്‍റോഡുകള്‍ കൂടുതലായുള്ള തേങ്കുറിശ്ശി പഞ്ചായത്തിലെ പ്രധാന ഗതാഗതപാതകളാണ് ചിറ്റൂര്‍-ആലത്തൂര്‍, നെന്മാറ-പാലക്കാട്, കൊടുവായൂര്‍-പെരുങ്ങോട്ടുകുറിശ്ശി റോഡുകള്‍. പാലക്കാട് കെ. എസ്. ആര്‍. ടി. സി. ബസ്സ്റ്റാന്റ്, പാലക്കാട് മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ്, പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന മൂന്ന് സ്ഥലങ്ങള്‍.  പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പനയംചിറ പാലം, കയറംകുളം പാലം എന്നിവ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. മഹത്തായ ദ്രാവിഡ സംസ്കാരത്തിന്റെ വിളഭൂമിയായ തേങ്കുറിശ്ശി പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. 8 ക്ഷേത്രങ്ങളും ഒരു മുസ്ളീം പള്ളിയും പഞ്ചായത്തില്‍ നിലകൊള്ളുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഐക്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്നവയാണ്. വിളയന്‍ ചാത്തനൂര്‍ കുമ്മാട്ടി, വിളയന്നൂര്‍ കുമ്മാട്ടി, മഞ്ഞളൂര്‍ കുമ്മാട്ടി, വിളയന്‍ചാത്തനൂര്‍ പള്ളിനേര്‍ച്ച എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. വിളയന്‍ചാത്തനൂരിലെ വി.ഫിറ്റ് ജിംനേഷ്യം കായിക മേഖലയില്‍ പ്രോത്സാഹനമായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്. ജനങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്കാന്‍ പഞ്ചായത്ത് വായനശാലയും തേങ്കുറിശ്ശി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. 1972-ല്‍ നിലവില്‍വന്ന പ്രാഥമികാരോഗ്യകേന്ദ്രം തേങ്കുറിശ്ശിയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.